Thursday, June 11, 2009

ലവ് ഇന്‍ തന്ജാവൂര്‍

കഥാനായകന്‍ നമ്മുടെ ബാലാജി തന്നെ.കഥ നടക്കുന്നത് അദേഹത്തിന്റെ സ്വന്തം തന്ജാവൂരിലും . കഥാപാത്രങ്ങള്‍ക്കൊക്കെ ഇന്നത്തേതിലും ഒന്‍പതു വയസ്സ് ചെറുപ്പം. ബാലാജി അന്ന് പ്രീ-ഡിഗ്രി കഴിഞ്ഞു എഞ്ചിനീയറിങ്ങിനു എന്ട്രന്സ് എഴുതി നില്‍ക്കുന്ന കാലം. റിസള്‍ട്ട്‌ വന്നു. ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ കിട്ടും എന്ന് ഉറപ്പുള്ള റാങ്ക്. പക്ഷെ 'സാങ്കേതിക തകരാറുകള്‍ ' കാരണം അഡ്മിഷന്‍ വൈകുന്നു. വെറുതെ വീട്ടില്‍ നിന്നാല്‍ തനിക്കു തലവേദന ആവും എന്ന് ഉറപ്പുള്ളതിനാല്‍ ബാലാജിയെ പിതാശ്രീ 2,3 മാസത്തേക്ക് ഇടക്കാല ആശ്വാസമായി അടുത്തുള്ള ആര്‍ട്സ് കോളേജില്‍ ചേര്‍ത്തു.

ആര്‍ട്സ് കോളേജില്‍ ചേര്‍ന്നത്‌ സമയം കൊല്ലാന്‍ വേണ്ടി മാത്രമാണ് എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് ' പ്രോക്സി' വിളിക്കാന്‍ സുഹൃത്തിനു കമ്മിഷന്‍ കൊടുത്തു ബാലാജി സ്ഥിരമായി ക്ലാസ്സു കട്ട് ചെയ്തു കറക്കം തുടങ്ങി. ആയിടയ്ക്ക് അത് വഴി പോയ എല്ലാ സിനിമയും മുടങ്ങാതെ കണ്ടു . പക്ഷെ മാസത്തില്‍ 30 സിനിമ ഒന്നും റിലീസ് ചെയ്യില്ലല്ലോ. അത് കൊണ്ട് മറ്റു കലാപരിപാടികള്‍ കൂടി കണ്ടു പിടിക്കണം. ആര്‍ട്സ് കോളേജില്‍ പഠിക്കാനുള്ള ഓരോ കഷ്ടപാടുകളെ....
അങ്ങനെ ആണ് തൊട്ടടുത്തുള്ള 'തരകംപാടി' ബീച്ചില്‍ ബാലാജി സ്ഥിരം സന്ദര്‍ശകനായത് . ബീച്ച് ആവുമ്പോ രണ്ടു ഉണ്ട് ഗുണം; ചെല്ലകിളികള്‍ വല്ലതും ഉണ്ടെങ്കില്‍ വായിനോക്കാം.ആരും ഇല്ലെങ്കില്‍ കടലിനോടു ബൈനറി എന്‍‌കോഡിങ് ഉം പറഞ്ഞു മണലില്‍ പാസ്കല്‍സ് ട്രയാന്കിളും വരച്ചു ബുദ്ധി ജീവി ചമഞ്ഞു നടക്കാം. അങ്ങനെ ബാലാജിയുടെ ദിവസങ്ങള്‍ 'തിരക്കുള്ളതായി'.
അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം കോളേജില്‍ സമരം ഉണ്ടാവുന്നത്. ക്ലാസ്സ്‌ വിട്ടു,വിധ്യാര്ത്ഥികള്‍ കൂട്ടത്തോടെ എത്തിയതോടെ ബീച്ചില്‍ നല്ല തിരക്ക്. എവിടെ തിരിഞ്ഞാലും പല നിറങ്ങളില്‍ കിളി കുഞ്ഞുങ്ങള്‍ പറന്നു നടക്കുന്നു. ബാലാജി ഹാപ്പി. ഇത്തിരി ഒതുങ്ങി കിടന്ന ഉയര്‍ന്ന ഒരു പാറകല്ലില്‍ കയറി നിന്ന് സ്കാന്‍ ചെയ്യുമ്പോഴാണ് ഒരു മഞ്ഞ ചുരിദാര്‍ കണ്ണില്‍ പെട്ടത്.... കൊള്ളാലോ വീഡിയോണ്‍..!! . തലയില്‍ മുല്ലപൂവും കയ്യില്‍ നിറയെ കുപ്പിവളയും ഒക്കെ ആയി ഏതോ തമിഴ് സിനിമയില്‍ സൌന്ദര്യ നില്‍ക്കുന്നത് പോലെ നമ്മുടെ കഥാനായിക. 'ഹെഡ്‌' ചെയ്യാന്‍ ഒരു വഴി ആലോചിച്ചു നിന്ന ബാലാജിയുടെ മുന്‍പില്‍ ദൈവം കൂട്ടുകാരിയുടെ രൂപത്തിലാണ് വന്നത്. നായികയുടെ കൂട്ടുകാരി ബാലജിയുടെയും ഫ്രണ്ട് ആയിരുന്നു. പരിചയപെടാന്‍ വഴി തുറന്നു കിട്ടിയ ബാലാജി ഇന്റര്‍വ്യൂ തുടങ്ങി...
"എന്താ പേര് ?"
"ശ്രീജ..."
"നൈസ് നെയിം ...ഏതു ബാച്ചില്‍ ആണ് പഠിക്കുന്നെ ?"
"ഫസ്റ്റ് ഇയര്‍ കൊമേഴ്സ്‌"
"നൈസ് ബാച്ച്.... എന്താ ഇവിടെ ?"
"ചുമ്മാ...തിര എണ്ണാന്‍ വന്നതാ.. "
"നൈസ് ഐഡിയ ....കടല ഇഷ്ടമല്ലേ ?"
തന്‍റെ കയ്യിലുള്ള നിലകടല പാക്കറ്റ് ബാലാജി അവളുടെ നേരെ നീട്ടി.

അതൊരു തുടക്കം ആയിരുന്നു.കോളേജിലെ വാകമരച്ചോട്ടിലും, കാന്‍റീന്‍ വരാന്തയിലും, കെമിസ്ട്രി ലാബിന്‍റെ പിന്‍ വശത്തും ഒക്കെ നിന്നും ഇരുന്നും നടന്നും താന്‍ അവസാനം കണ്ട സിനിമകളുടെ കഥകള്‍ ബാലാജി ശ്രീജയ്ക്ക് പറഞ്ഞു കൊടുത്തു . ' സഹതാപം പ്രേമം ആയി മാറും' എന്ന ഐസക്‌ ന്യൂട്ടന്റെ നാലാം നിയമത്തില്‍ ഉള്ള വിശ്വാസം കൊണ്ട്, പണ്ട് തന്നെ വഞ്ചിച്ചു കടന്നു പോയ തന്‍റെ കളി കൂട്ടുകാരന്‍ പുരുഷോത്തമന്‍ടെ കഥ പറഞ്ഞു ബാലാജി സെന്റി അടിച്ചു. എന്തിനധികം പറയുന്നു, കോളേജിലേക്ക് വരാന്‍ മൂന്നു കിലോമീറ്റര്‍ ദൂരം മാത്രം ഉള്ള ശ്രീജ ഓട്ടോ പിടിച്ചു എട്ടു കിലോമീറ്റര്‍ അകലെ ഉള്ള ബാലാജിയുടെ ബസ്‌ സ്റ്റോപ്പില്‍ എത്തി അവിടുന്ന് കോളേജിലേക്കുള്ള ബസ്‌ കയറുവാന്‍ തുടങ്ങി.

മുന്‍പ് അഞ്ചു മണിക്ക് മുന്‍പ് വീട്ടില്‍ എത്തിയിരുന്ന ബാലാജി അതോടെ അവധി ദിവസമായ ശനിയാഴ്ചകളില്‍ പോലും വൈകി എത്തുന്നത് പതിവായപ്പോള്‍ പിതാശ്രീയ്ക്ക് ആകെ കണ്‍ഫ്യൂഷന്‍. പതിവ് പോലെ ഒരു ശനിയാഴ്ച വൈകി വന്ന ബാലജിയോടു അദേഹം തന്‍റെ സംശയം ചോദിക്ക്യ തന്നെ ചെയ്തു.
" എവിടെ പോയതാ നീ ..."
" കോളേജ് ഉണ്ടായിരുന്നു"
"ശനിയാഴ്ചയോ ?.."
"എക്സ്ട്രാ ക്ലാസ്സ്‌ ആയിരുന്നു.. ഒരുപാട് പഠിക്കാന്‍ ഉണ്ട് .... ഇനി ചിലപ്പോ ഞായറാഴ്ച കൂടെ പോവേണ്ടി വരും.."
" നിനക്ക് ട്യൂഷന്‍ വല്ലതും വേണോ മോനെ .." അച്ഛന്റെ വാക്കുകളില്‍ സ്നേഹം, വാല്‍സല്യം....
"വേണ്ട അഛാ ഇതെനിക്ക് ഒറ്റയ്ക്ക് പഠിച്ചു തീര്‍ക്കാവുന്നത്തെ ഉള്ളു "
"സംശയം വല്ലതും വന്നാല്‍ അച്ഛനോട് ചോദിയ്ക്കാന്‍ മടിക്കണ്ട..കേട്ടോ.."
"ഓഹോ..അപ്പൊ അച്ഛനും പണ്ട് എക്സ്ട്രാ ക്ലാസിനു പോയിട്ടുണ്ട് അല്ലെ.. കള്ളാ..... " മനസ്സില്‍ വന്ന ചിരി പുറത്തു കാണിക്കാതെ ബാലാജി അകത്തേക്ക് പോയി.
പിതാശ്രീയ്ക്ക് മകന്‍റെ അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹത്തില്‍ അഭിമാനവും സന്തോഷവും തോന്നി. അന്ന് അത്താഴം വിളമ്പുമ്പോള്‍ ഒരു പപ്പടം അധികം എടുത്തു ബാലജിയ്ക്ക് കൊടുത്തു. പാവം ഒരുപാട് പഠിക്കനുള്ളതല്ലേ.. പപ്പടം ബുദ്ധിക്കും ശക്തിക്കും നല്ലതാണത്രേ.

ദിവസങ്ങള്‍ അങ്ങനെ മുന്നോട്ടു നീങ്ങി.അങ്ങനെ ഇരിക്കെ ആണ് LIC ഓഫീസില്‍ ജോലി ചെയ്യുന്ന പിതാശ്രീ അവിടെ എന്തോ കാര്യത്തിനായി വന്ന ബാലാജിയുടെ HOD യെ കാണാനിടയായത്.
"നിങ്ങടെ സിലബസ്‌ ഇത്തവണ നല്ല കട്ടിയാണ് .. അല്ലെ സര്‍ ?"
" എന്ത് പറ്റി..പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലല്ലോ ഇത്തവണത്തെ സിലബസ്‌ ഇന് " , പ്രൊഫസര്‍ ക്ക് അതിശയം
" അല്ല... ഇപ്പൊ പതിവായി ശനിയാഴ്ചകളില്‍ എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടല്ലേ , മോന്‍ പറഞ്ഞു "
പ്രൊഫസറുടെ തലയില്‍ ബള്‍ബ്‌ കത്തി. ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
"ഹും ... അതെ ബുദ്ധിയുള്ള കുട്ടികള്‍ക്ക് ചില വിഷയങ്ങളില്‍ ഇപ്പൊ ശനിയാഴ്ചയും ക്ലാസ്സ്‌ വെച്ചിടുണ്ട് ."
" അതെയോ.. നന്നായി സര്‍ " .
തന്‍റെ മകന്‍റെ ബുദ്ധി ഓര്‍ത്തു പിതാശ്രീയ്ക്ക് അഭിമാനം.
അടുത്ത ദിവസം കോളേജില്‍ എത്തിയ പ്രൊഫസര്‍ ബാലാജിയെ വിളിപ്പിച്ചു, അടുത്ത് നിര്‍ത്തി, തോളില്‍ തലോടി. " ശനിയാഴ്ച എന്തിന്‍റെ എക്സ്ട്രാ ക്ലാസ്സായിരുന്നു ...? "
കാര്യങ്ങള്‍ കൈ വിട്ടു പോയി എന്ന് ഉറപ്പായ ബാലാജി " ഒന്ന് ഉപദേശിച്ചു വിട്ടാല്‍ മതി ഞാന്‍നന്നായി കൊളാം എന്ന ഭാവത്തില്‍ "ദയനീയമായി പ്രൊഫസറെ നോക്കി നിന്നു.
"ഹും ...പഠിക്കാനുള്ളത് പഠിച്ചു കഴിഞ്ഞെങ്കില്‍ ഇനി എക്സ്ട്രാ ക്ലാസ്സ്‌ വേണ്ട കേട്ടോ.. പൊയ്ക്കോ "
അതോടെ ശനിയാഴ്ചകളിലെ എക്സ്ട്രാ ക്ലാസ്സ്‌ അവസാനിച്ചു.

മെല്ലെ മെല്ലെ ബാലാജിയുടെ പുതിയ ചുറ്റിക്കളി ക്യാമ്പസ്സില്‍ പാട്ടായി തുടങ്ങി. അങ്ങനെ ഇരിക്കെ ആണ് ആത്മാര്‍ത്ഥ സുഹൃത്തായ ശരവണന്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്തയുമായി എത്തിയത്. ശ്രീജയുടെ അച്ഛനും ചേട്ടനും നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകള്‍ ആണത്രേ. കൈ വെട്ടുക, കാലു തല്ലി ഓടിക്കുക തുടങ്ങിയ ചെറുകിട കൊട്ടേഷനുകള്‍ പ്രൊഫഷണല്‍ ആയി ആദായ വിലയ്ക്ക് ചയ്തു കൊടുക്കുന്നത് കൂടാതെ തല വെട്ടുന്നത് പോലെ ഉള്ള വലിയ കരാറുകളും ഈയിടെയായി എടുത്തു തുടങ്ങിയിട്ടുണ്ടത്രേ. സ്ഥലത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ തന്‍റെ അച്ഛന്‍ പോലും അവരുടെ പേര് കേട്ടാല്‍ ഞെട്ടി വിറയ്ക്കും പോലും . ബാലാജിയുടെ നെഞ്ചില്‍ വെള്ളിടി വെട്ടി. കയ്യും കാലും ഇല്ലാതെ തെരുവിലൂടെ ഇഴഞ്ഞു നീങ്ങുന്ന തന്‍റെ ചിത്രം മനസ്സിലൊന്ന് സങ്കല്പിച്ചു നോക്കിയതോടെ വായിലെ ഉമിനീര്‍ വറ്റി. മുന്‍പ് ശ്രീജയുടെ വീടിനെ പറ്റി താന്‍ ചോദിച്ചപ്പോള്‍ അവള് പറഞ്ഞ മറുപടികള്‍ മനസ്സിലേക്ക് ഓടി എത്തി.
"അച്ഛനെന്താ ജോലി ?"
"കോണ്ട്രാക്ടര്‍ ആണ് ..."
"എന്തിന്‍റെ കോണ്ട്രാക്റ്റ് ആണ് ?"
"സ്പയെര്‍ പാര്‍ട്സിന്ടെ.."
"ചേട്ടനോ.....?"
"അച്ഛനെ ജോലിയില്‍ സഹായിക്കുന്നു..."
"ഇപ്പോഴും അച്ഛനും ചേട്ടനും വീട്ടില്‍ തന്നെ കാണുമോ ...?"
"ഇടയ്ക്ക് ജോലിയുടെ ഭാഗമായി...സര്‍ക്കാരിന്റെ അതിഥിയായി താമസിക്കേണ്ടി വരും... അപ്പൊ ചിലപ്പോള്‍ ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങി വരാന്‍ കഴിയാറുള്ളൂ...അല്ലാത്തപ്പോള്‍ വീട്ടില്‍ തന്നെ ഉണ്ടാവും..."
ഇപ്പോള്‍ ആണ് എല്ലാം മനസ്സിലാവുന്നത്, .... "എടീ ദ്രൊഹീ...എന്‍റെ കയ്യും കാലും വഴിയിലെ കുപ്പ തൊട്ടിയില്‍ കിടക്കുന്നത് കാണാന്‍ വേണ്ടി ആണ് അല്ലെ ഞാന്‍ അന്ന് ബീച്ചില്‍ വച്ച് കടല വാങ്ങി തന്നപ്പോള്‍ വാങ്ങിയത്."...തിരികെ വീട്ടിലെത്തിയ ബാലജിയ്ക്ക് ഊണും ഉറക്കവും നഷ്ടപെട്ടു. എന്തായാലും ഭാഗ്യം ബാലാജിയുടെ ഒപ്പം ആയിരുന്നു. അടുത്ത ദിവസം തന്നെ എഞ്ചിനീയറിംഗ് അഡ്മിഷന്‍ ഉള്ള ഇന്റര്‍വ്യൂ ലെറ്റര്‍ വീട്ടിലെത്തി. എഞ്ചിനീയറിംഗ് കോളേജില്‍ ജോയിന്‍ ചെയ്യുന്ന ദിവസം ബസ്‌ സ്റ്റോപ്പിലേക്ക് പോവാന്‍ ഇറങ്ങുന്നത് വരെ പിന്നെ ബാലാജി വീടിനു വെളിയിലേക്ക് ഇറങ്ങി ഇല്ല എന്നുള്ളതാണ് സത്യം.

പിന്നെയും പല ചെല്ലകിളികളും മഞ്ഞ ചുരിദാറില്‍ തലയില്‍ മുല്ലപൂ ഒക്കെ വെച്ച് നില്‍ക്കുന്നത് പല ബീച്ചുകളില്‍ വച്ചും ബാലാജി കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഒരു വാക്കത്തിയും വടിവാളും മനസിലേക്ക് ഓടി എത്തും. അതോടെ കണ്ണുകള്‍ ഇറുക്കി അടച്ചു കളയും. ഇനി അഥവാ ഏതെങ്കിലും കിളി ഇങ്ങോട്ട് കടല ഓഫര്‍ ചെയ്താലും ബാലാജി ഒരേയൊരു ചോദ്യമേ ചോദിക്കാറുള്ളു .

"അച്ഛനു സ്പയെര്‍ പാര്‍ട്സിന്ടെ കോണ്ട്രാക്റ്റ് ഉണ്ടോ.. ? "


Tuesday, June 2, 2009

ശ്ശൊ, ഈ പണിക്കരേട്ടന്ടെ ഒരു കാര്യം

      പണിക്കരേട്ടനെ അറിയില്ലേ ?? നല്ല കഥയായി.....പണിക്കരേട്ടനെ ആരാ അറിയാത്തെ..... ചുക്കില്ലാത്ത കഷായം ഉണ്ടോ? ഇഞ്ചിക്കറിയില്ലാത്ത സദ്യ ഉണ്ടോ... ആനയില്ലാത്ത തൃശൂർ പൂരം ചിന്തിക്കാൻ കഴിയുമോ ? അത് പോലെ തന്നെ ഉള്ള ഒരു ഒഴിവാക്കാൻ ആവാത്ത ഇൻഗ്രീഡിയൻറ് ആണ് പണിക്കരേട്ടന്‍ ഞങ്ങൾ രാമപുരത്തുകാർക്ക്. രാമപുരത്തെ മൂന്നു കരയിലെയും കല്യാണവും അടിയന്തിരവും മുതല്‍ നാട്ടിലെ ഉത്സവം ആയാലും, പേരിടീല്‍ ആയാലും പണിക്കരേട്ടന്‍ ഇല്ലെങ്കില്‍...അങ്ങോട്ട് വെടിപ്പ് ആവില്ല .... ഇനി രാമപുരം ക്ഷേത്രത്തിലെ മീന ഭരണി ഉത്സവം ആണെങ്കിലോ...പണിക്കരേട്ടന്‍ സ്ഥലത്തില്ലെന്കില്‍ സാക്ഷാല്‍ ഭഗവതി തന്നെ ചിലപ്പോ പറഞ്ഞെന്നു വരും... "ഡിയർ പീപ്പിൾ, പണിക്കര് വന്നിട്ട് മതി കൊടി ഇറക്കം, ഇനിപ്പോ വന്നില്ലെങ്കിൽ .. ഇറക്കണ്ടാ എന്നങ്ങട്‌ വെക്കാം" അങ്ങനെ ... എന്‍റെ നാട്ടിലെ... നാല് ആള് കൂടുന്ന എന്ത് ചടങ്ങിനും ഒരു അവിഭാജ്യ ഘടകം ആയിരുന്നു പണിക്കരേട്ടന്‍.... പണിക്കരേട്ടന്റെ തലയെടുപ്പ് ഒന്ന് വേറെ ആണ് ..... പനമ്പട്ട ഒക്കെ തിന്നു തലയാട്ടി നിൽക്കുന്ന മങ്ങലാംകുന്നു ഗണപതിയെ പോലെ , വെറ്റില ഒക്കെ ചവച്ചു തലയാട്ടി, മെലിഞ്ഞു നീണ്ടു ഒരു ആറു ആറേകാലടി പൊക്കത്തില്‍ ആരോമൽ ചേകവരെ പോലെ പണിക്കരേട്ടന്‍ നില്‍ക്കുന്നത് കണ്ടാല്‍... സാക്ഷാല്‍ അമിതാബ് ബച്ചനും മകന്‍ കുട്ടി ബച്ചനും ഒന്നും പിന്നെ ഏഴയലത്തു വരില്ല . കയ്യോ കാലോ തട്ടി പണിക്കരെട്ടന് വല്ലതും സംഭവിച്ചാല്‍ പിന്നെ ആര് സമാധാനം പറയും. മീശ മാധവനില്‍ സലിം കുമാറ് പറയുന്നത് പോലെ "കണ്ടാല്‍ ഒരു ലുക്ക് ഇല്ലെങ്കിലു " ആള് ഒരു സഞ്ചരിക്കുന്ന വികിപീഡിയ തന്നെ ആണ്. ഇപ്പൊ തന്നെ ഇന്ത്യ ന്യൂക്ലിയര്‍ ബോംബ്‌ പരീക്ഷിച്ചു എന്ന് പറഞ്ഞു എന്ന് വയ്ക്കുക. ഉടനെ വരും മറുപടി... " എന്‍റെ കുട്ടീ .. ഇതൊന്നും അത്രേ വല്യ കാര്യം അല്ലെടോ .. ഇത്തിരി കൂവളത്തും കായും,നാരങ്ങ നീരും , തീപ്പെട്ടിടെ മരുന്നും ഇങ്ങു എടുത്തേ ..ഞാന്‍ ഉണ്ടാക്കി തരാം നല്ല ഒന്നാം തരാം ബോംബ്‌..., നമ്മളിതെത്ര കണ്ടതാ..പത്രത്തില്‍ പടം വരാന്‍ വേണ്ടി ശാസ്ത്രഞ്ജന്‍മാരുടെ ഓരോ നമ്പര് അല്ലെ ഈ ന്യൂക്ലിയര്‍ ബോംബ്‌ ഒക്കെ" ഈ ഇന്‍സ്റ്റന്റ് ഉത്തരങ്ങളാണ് പണിക്കരേട്ടനെ എന്‍റെ അമ്മൂമ്മ അടക്കം നാട്ടിലെ സ്ത്രീ ജനങ്ങളുടെ എല്ലാം മുന്നില്‍ സ്റ്റാര്‍ ആക്കിയത്. എല്ലാ മാസവും മകയിരത്തിന് തറവാട്ടു ക്ഷേത്രത്തില്‍ പൂജയുണ്ടാവും. തിരക്കഥ,സംവിധാനം പണിക്കരേട്ടന്‍ ആവും എന്ന് പറയേണ്ടതില്ലല്ലോ. പണിക്കരേട്ടന്റെ നാവില്‍ നിന്ന് വരുന്ന മൊഴി മുത്തുകള്‍ പെറുക്കിയെടുക്കുവാന്‍ കണ്ണും കാതും കൂര്‍പ്പിചിരിക്കുന്ന അമ്മൂമ്മ യെ കാണുമ്പൊള്‍, പണിക്കരേട്ടന്‍ പ്രധാന പ്രതിഷ്ഠയായി ഒരു അമ്പലം ഉണ്ടായിരുന്നു എങ്കില്‍ ഉറപ്പായും അമ്മൂമ്മ അവിടെ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും..നെയ്യ്‌ വിളക്കും.. മുഴുക്കാപ്പും... വഴിപാടു നടത്തിയേനെ എന്ന് തോന്നിപോകും... സാക്ഷാൽ സൂര്യഭഗവാന്‍ ഉറക്കത്തില്‍ പണിക്കരെട്ടനോട് സംസാരിചിട്ടുണ്ടത്രേ.. എന്ന് മാത്രമല്ല പുള്ളി പണിക്കരേട്ടന് വിളിച്ചാൽ വിളിപ്പുറത്താണെന്നു വരെ അച്ചാമ്മ പറയാറുണ്ട് . സ്കൂളില്‍ പഠിച്ച വിവരം വെച്ച്, സൂര്യന്‍ ഒരു ഗ്രഹം ആണ് ...സണ്‍ ഈസ്‌ ദി സെന്റര്‍ ഓഫ് സോളാര്‍ സിസ്റ്റം എന്നൊക്കെ പറഞ്ഞു കഥ തടസപെടുത്താന്‍ ചെന്ന എന്നെ കയ്യിലിരുന്ന ചായക്കോപ്പ എടുത്തെറിഞ്ഞാണ് അച്ചാമ്മ ദേഷ്യം തീർത്തത്. ."അഹങ്കാരി..പണിക്കര് പറയുന്ന്നതിനു എതിര് പറയുന്നോ..സൂര്യന്‍ ആരാണന്നു നീയാണോ തീരുമാനിക്കുന്നത്‌..." അമ്മൂമ്മക്ക് ദേഷ്യം ഇരട്ടിക്കുകയാണ്‌. അമ്പരന്ന് കൊണ്ട് നിന്ന എന്നെ പണിക്കരേട്ടന്‍ സമാധാനിപ്പിച്ചു . " വിട്ടേര് ചേച്ചി .. അവന്‍ കുട്ടിയല്ലേ...പള്ളികൂടത്തില്‍ ചെല്ലുമ്പോള്‍ അവര് പറഞ്ഞു കൊടുക്കുന്ന ഓരോ മണ്ടത്തരങ്ങള്‍ ആവും .. അവന്റെ തെറ്റല്ല...തല്ലണ്ട... പാവം.. ". സ്കൂളില്‍ വിടുന്നത് നിര്‍ത്തി എന്നെ പണിക്കരെട്ടന്റെ അടുത്ത് ഗുരുകുല വിദ്യാഭ്യാസത്തിനു അയയ്ക്കുവാന്‍ അമ്മൂമ്മ അച്ഛനോട് ശുപാര്‍ശ ചെയ്യുമോ എന്ന് പേടിച്ചു അതോടെ ഞാന്‍ സൈലന്റ് ആയി. ഹരിപ്പാട്ടു നിന്ന് രാമപുരത്തിന് വരുന്ന വഴിയില്‍ ആണ് കുപ്രസിദ്ധമായ കാഞ്ഞൂര്‍ പാടം. ഏക്കറു കണക്കിന് നീളത്തിലും വീതിയിലും കിടക്കുന്ന പാടത്ത് നിന്ന് ഒന്ന് കൂവി വിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല . രാത്രിയില്‍ അതിലെ ആരും പോവാറില്ല. ഡ്രാക്കുളയും കുട്ടിച്ചാത്തനും ഒക്കെ രാത്രിയില്‍ ടെന്നീസ് ഡബിൾസ് കളിക്കുവാന്‍ ഇറങ്ങുന്ന സ്ഥലം ആണ് അത് എന്നാണ് അനുഭവസ്ഥരുടെ സാക്ഷൃം. പക്ഷെ പണിക്കരെട്ടനല്ലേ ആള്. ഹരിപ്പാട്ടു ആറാട്ട് കഴിഞ്ഞു അര്‍ദ്ധ രാത്രിയില്‍ എത്രയോ തവണ അതിലെ വന്നിരിക്കുന്നു. ഒരിക്കല്‍ ആറാട്ട് കഴിഞ്ഞു വരുന്ന വഴി പാടത്തിനു നടുക്കെത്തിയപ്പോള്‍ ദാ... നില്‍ക്കുന്നു....കള്ളിയങ്കാട്ടു നീലിയുടെ ഒരു കുഞ്ഞനിയത്തി. പാലപ്പൂവിന്റെ മണവും... കുന്തിരിക്കം പുകച്ചതും.. എല്ലാം ഉണ്ട്. ഒരു സാധാരണ മനുഷ്യന് ഈ സെറ്റ് അപ്പ്‌ ഒക്കെ കണ്ടാല്‍ തന്നെ ബോധം പോവും. പക്ഷെ പണിക്കരേട്ടന്‍ ആരാ മോന്‍.. ലുട്ടാപ്പിയുടെ കുന്തം പോലെ എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന തന്റെ കാലന്‍കുട എടുത്തു ജൂനിയര്‍ നീലിയുടെ നേരെ ചൂണ്ടി.. "ഓം ഹ്രീം കുട്ടിച്ചാത്താ..കപ്പല് മയ്യതോം " .... ഠിം.....പാലായും ... പാലാരിവട്ടവും കടന്നു പാലക്കാട് എത്തിയിട്ട് ആണത്രേ അന്ന് ഏട്ടത്തിയമ്മ പിന്നെ ബ്രേക്ക്‌ ഇട്ടതു. പണിക്കരെട്ടനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. തള്ളിന്റെ ശക്തി നീലി ഇനിയും മനസിലാക്കാൻ ഇരിക്കുന്നതെ ഉള്ളൂ. എന്‍റെ അറിവില്‍ പണിക്കരെട്ടന് ഡ്രൈവിംഗ് ലൈസെന്‍സ് ഉള്ള ഏക വാഹനം സൈക്കിള്‍ ആണ്. സന്തത സഹചാരിയായ കാലന്‍ കുടയെ പോലെ പണിക്കരെട്ടന്റെ എല്ലാ സാഹസങ്ങള്‍ക്കും മൂക സാക്ഷിയാണ് ആ സൈക്കിളും . ഒരിക്കല്‍ പണിക്കരേട്ടന്‍ പതിവ് പോലെ തന്റെ വീര ഗാഥകള്‍ അമ്മൂമ്മയോട് വര്‍ണിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ആണ് ചിറ്റപ്പന്‍ ഹരിപ്പാട്ടു പോവാനായി തന്റെ ചേതക് സ്കൂട്ടര്‍ എടുത്തു കൊണ്ട് ഇറങ്ങിയത്‌. ഒന്ന് രണ്ടു തവണ കിക്ക് ചെയ്തു.. നോ രക്ഷ.. വലത്തോട്ട് ചരിച്ചു നിവര്‍ത്തി വീണ്ടും കിക്ക് ചെയ്തു...നോ രക്ഷ..ഇത്തിരി ഒന്ന് ഉരുട്ടി വീണ്ടും കിക്ക് ചെയ്തു. ഇന്ന് നീ പോവുന്നതൊന്നു കാണണം മോനെ ദിനേശാ എന്ന വാശിയിലാണ് സ്കൂട്ടര്‍. പണിക്കരേട്ടന്‍ ഇതൊക്കെ കണ്ടു വശത്തു ഒതുങ്ങി നില്‍ക്കുകയാണ്‌. മുഖത്ത് ചിറ്റപ്പനോട് ഉള്ള സഹതാപം... ഒടുവില്‍ ഇടപെടാന്‍ തന്നെ തീരുമാനിച്ചു... " രവി കുട്ടാ ...താന്‍ ആ ഡയനാമോ ഒന്ന് പിടിച്ചു തിരിച്ചു വയ്ക്ക് സ്റ്റാര്‍ട്ട്‌ ആവും... ." മയില്‍ വാഹനവുമായി ഉള്ള വര്‍ഷങ്ങളായുള്ള പരിചയത്തില്‍ നിന്നുള്ള അനുഭവത്തില്‍ പണിക്കരെട്ടന്റെ ഉപദേശം. ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ചിറ്റപ്പന്‍ ശ്രമം തുടര്‍ന്ന് കൊണ്ട് ഇരുന്നു. "എടൊ താന്‍ ആ ഡയനാമോ ഒന്ന് കൂടെ നോക്ക്.." പണിക്കരേട്ടന്‍ വിടാനുള്ള ഭാവം ഇല്ല. "അതൊക്കെ നോക്കി പണിക്കരേട്ടാ.. അതൊന്നും അല്ല പ്രശ്നം ".. ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ചിറ്റപ്പന്‍ ശ്രമം തുടര്‍ന്നു. "എങ്കില്‍ പിന്നെ താന്‍ ആ ചെയിന്‍ തെറ്റി കിടക്കുവാണോ എന്ന് നോക്ക്.. അത് തന്നെ ആവും കാരണം " പണിക്കരേട്ടന്‍ ചികിത്സ തുടരുകയാണ്. പണിക്കരേട്ടന്റെ മുഖത്തും സ്‌കൂട്ടറിന്റെ കിക്കറിലും ദയനീയമായി മാറി മാറി നോക്കി ഒരു നിമിഷം നിന്ന ശേഷം വീണ്ടും ചിറ്റപ്പന്‍ ശ്രമം തുടര്‍ന്നു. ഭാഗ്യം, പണിക്കരേട്ടന്റെ തള്ളിന്റെ ശക്തി കൊണ്ടോ ചിറ്റപ്പനോടുള്ള സോഫ്റ്റ് കോർണർ കൊണ്ടോ എന്തോ, സ്കൂട്ടര്‍ പണിമുടക്ക്‌ അവസാനിപ്പിച്ചു..സ്റ്റാര്‍ട്ട്‌ ആയി. "ആഹാ...പണിക്കരുടെ ചികിത്സ ഫലിച്ചല്ലൊ.... " അമ്മൂമ്മയ്ക്ക്‌ അതിശയം..ബഹുമാനം.. "ഇപ്പോഴത്തെ പിള്ളേര്‍ക്ക് ഒക്കെ ഇതിന്‍റെ മുകളില്‍ കയറി ഇരുന്നു പോവനല്ലാതെ ഒന്നും അറിയില്ലന്നെ..എന്തെങ്കിലും കുഴപ്പം വന്നാല്‍ നമ്മളൊക്കെ തന്നെ വേണം...എങ്കില്‍ ഞാനും ഇറങ്ങുവാണ് .. ചേച്ചീ .." ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഒന്നും സംഭവിക്കാത്തത് പോലെ തന്റെ സൈക്കിളില്‍ അടുത്ത സമ്മേളന സ്ഥലത്തേക്ക് നീങ്ങുന്ന പണിക്കരേട്ടനെ നോക്കി നില്‍ക്കുന്ന അമ്മൂമ്മയുടെ കണ്ണുകളില്‍ ആരാധന. പിന്നെയും പലപ്പോഴും സ്കൂട്ടര്‍ പണിമുടക്കുമ്പൊള്‍ ചിറ്റപ്പനോട് അമ്മൂമ്മ പറയുന്നത് ഞാന്‍ കേട്ടിടുണ്ട്... " രവീ ...ശരിയാവുന്നില്ലെങ്കില്‍ പണിക്കര് അവിടെ എവിടെ എങ്കിലും നില്‍പ്പുണ്ടോ എന്ന് നോക്ക്....അല്ലെങ്കില്‍ നീ ആ ഡയനാമോ ഒന്ന് പിടിച്ചു തിരിച്ചു വയ്ക്ക് ... സ്റ്റാര്‍ട്ട്‌ ആവും.. "        

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...